ബസ്സ് സ്റ്റോപ്...

നാലുകാലോലത്തണലിൽ മഴനീർ മതിലുകൾക്കുള്ളിൽ ഞാൻ, ഇന്നും ബസ്സു കാത്തു നിൽക്കുന്നു.

Saturday, December 22, 2018

നീ

പ്രപഞ്ചത്തിലെത്രയോ നക്ഷത്രസഞ്ചയം
നിൽക്കുന്നു ഞാനതിൻ മുന്നിൽ അചഞ്ചലം.
നിന്റെയപ്പുഞ്ചിരിപ്പൂവിന്നിതൾതൊട്ട മാത്രയിൽ
നിശ്ചലം, നിശ്ചലം തന്നെയെൻ ഹൃത്തടം.

Wednesday, October 1, 2008

ഒരു കവിയുടെ വിലാപം

ഹാ കഷ്ടമേ, പോകുന്നിതെന്നെവി-
ട്ടെൻപ്രാണപ്രേയസി, എന്നക്ഷരമിന്നിതേ
നിർദ്ദയം പോകുന്നിതായെന്നുടൽ വിട്ടി-
ട്ടേറ്റം പ്രിയമെനിക്കായതെൻ വാക്കുമേ

പോകൊല്ല നീ പോകൊല്ല നീ
പൊട്ടി ഉണങ്ങി വരളുമെന്നുയിരിതേ
പ്രിയതേ നീ പോകൊല്ല നിനക്കിനി
എന്തെന്തു വേണം ചൊൽക നീ ദയയൊട്

കല്ലൊടു സമമാമെൻ മാനസം തച്ചുട-
ച്ചാ കന്മദം നല്‍കാം നിനക്കു കുടിക്കുവാൻ
ഉന്മത്തനാകണോ? എങ്കിൽ വരികയെൻ
ചോര രുചിക്കു നീ നൽകാമതേറ്റം ഞാൻ

ഹാ കഷ്ടമേ, ഇല്ലയെൻപക്കലാ
സുന്ദരമായൊരെൻ പേനയിതിപ്പൊഴേ
തൻ ചുടു ചോര ചിന്തിയെൻ വാക്കിനേപ്-
പ്രസവിച്ചു മിണ്ടാതമ്മൂലയിൽ കുമ്പിട്ടിരിപ്പതേ

പേനയൊന്നില്ലെന്നു വരികിലും
കടലാസ്സു പോലുമതില്ലില്ലയെങ്കിലും
എൻ ജീവന്റെ നീരതിൽ നേരിന്റെ വിരൽ മുക്കി
ഊട്ടിടാം പോറ്റിടാം അക്ഷരമേ നിന്നെ